മമത ബാനർജി തുറന്ന പോരിലേക്ക്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

single-img
11 December 2020

പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനമെന്ന് തൃണമൂൽ പറഞ്ഞു.

സംസ്ഥാന ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും തിങ്കളാഴ്ച്ച ഡല്‍ഹിയിലെത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശം ഉണ്ടായിരുന്നത്. അതേസമയം നഡ്ഡയുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.

അതേസമയം, ബംഗാളില്‍ ക്രമസാമാധാന നില തകരാറിലാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19ന് ബംഗാള്‍ സന്ദര്‍ശിക്കും.

സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധൻകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രാവിലെ റിപ്പോര്‍ട്ട് നല്‍കി. ജെ പി നഡ്ഡയ്ക് മതിയായ സുരക്ഷ നല്‍കിയിരുന്നില്ലെന്നും ബംഗാള്‍ പൊലീസ് മേധാവിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.