സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യ കോവിഡ് വാക്‌സിനുമായി ബഹ്‌റൈൻ

single-img
11 December 2020

പ്രതിരോധത്തിന്റെ ഭാഗമായി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബഹ്‌റൈന്‍. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സ്വദേശി പ്രവാസി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം എല്ലാവര്ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനമെന്നും പ്രിന്‍സ് സല്‍മാന്‍ അറിയിച്ചു.

18 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ് വാക്‌സിന്‍ നല്‍കുക. പ്രാരംഭത്തില്‍ ദിവസം 5000 -10000 വാക്‌സിനേഷനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫെയ്സര്‍ ബയോ എന്‍ടെക് വാക്‌സിന് ഈയിടെ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു.

ലോകത്തു ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഫെയ്‌സർ വാക്‌സിന് അനുമതി നല്‍കിയ രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍.