ആയുർവേദ ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ അലോപ്പതി ഡോക്ടർമാരുടെ പ്രതിഷേധ സമരം

single-img
11 December 2020

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരെ ഇന്ന് ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി അലോപ്പതി ഡോക്ടര്‍മാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒ.പി ബഹിഷ്കരണം. 11 മണിക്ക് രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ആയുർവേദ ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകൾ നടത്താണ് കേന്ദ്ര സർക്കാർ അനുമതിയാണ് വിവാദമായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ആയുര്‍വേദത്തിൽ യോഗ്യതയുള്ളവരില്ലാത്തതിനാല്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണമെന്നാണ് നിർദ്ദേശം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. 

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്കരണം. കോവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടിസും ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക്, ശസ്ത്രക്രിയക്ക് അനുമതി നൽകുന്നത് പൊതുജനാരോഗ്യത്തിന് എതിരാണെന്നാണ് ഐഎംഎയുടെ നിലപാട്. സമരം കിടത്തി ചികിത്സയെ ബാധിക്കില്ല . കോവിഡ് ആശുപത്രികളും പ്രവര്‍ത്തിക്കും.

അതേസമയം സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ചു. അതിന്‍റെ ഭാഗമായി ഇന്ന് പരിശോധന സമയം വര്‍ധിപ്പിക്കും.