ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് രേഖപ്പെടുത്തി ഒന്നാംഘട്ടം; റാന്നിയിൽ ഒരാൾ കുഴഞ്ഞ്‌ വീണ്‌ മരിച്ചു

single-img
8 December 2020

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അഞ്ച്‌ ജില്ലകളിൽ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌. രാവിലെ തന്നെ പോളിങ് ബൂത്തുകൾക്ക്‌ മുന്നിൽ  പലയിടത്തും നീണ്ട നിരയാണുള്ളത്‌. ആദ്യ മണിക്കുറിൽ കനത്ത പോളിങ് ആണ്‌ രേഖപ്പെടുത്തിയത്‌.

ആദ്യ രണ്ട്‌ മണിക്കൂറിൽ തിരുവനന്തപുരത്ത്‌ 15.6 ശതമാനമാണ്‌ പോളിങ്‌ പത്തനം തിട്ടയിൽ  17.8 ശതമാനവും  കൊല്ലത്ത്‌ 17 ശതമാനവും  രേഖപ്പെടുത്തി. ആലപ്പുഴയിൽ 17.62 ഉം ഇടുക്കിയിൽ 16.19 ഉം രേഖപ്പെടുത്തി.

കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ്‌  രാവിലെ 7ന്‌ വോട്ടെടുപ്പ്‌ തുടങ്ങിയത്‌. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രം തകരാറിലായത്‌ അൽപനേരം വോട്ടിങ് വൈകിച്ചു. ആലപ്പുഴയിൽ 7 ഇടത്തും പത്തനം തിട്ടയിൽ രണ്ടിടത്തും വോട്ടിങ് യന്ത്രം തകരാറിലായി.

88,26,620 വോട്ടർമാരാണ്‌ ഇന്ന്‌ പോളിങ് ബൂത്തുകളിൽ എത്തുക. ആലപ്പുഴയിൽ 7 ഇടത്ത്‌ വോട്ടിങ് യന്ത്രം തകരാറിലായത്‌ വോട്ടെടുപ്പിനെ  അൽപനേരം ബാധിച്ചു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രം തകരാറിലായി.

റാന്നിയിൽ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം ഒരാൾ കുഴഞ്ഞ്‌ വീണ്‌ മരിച്ചു. നാറാണാം മൂഴിയിൽ പുതുപറമ്പിൽ മത്തായിയാണ്‌ മരിച്ചത്‌.

കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട്‌ ചെയ്യാൻ വിപുലമായ സൗകര്യം. തിങ്കളാഴ്‌ച പകൽ മൂന്നിനുള്ളിൽ സർട്ടിഫൈഡ് ലിസ്റ്റിൽ ചേർക്കപ്പെട്ട എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് എത്തിക്കും.

പകൽ മൂന്നിനുശേഷവും ചൊവ്വാഴ്‌ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കോവിഡ്‌ സ്ഥിരീകരിച്ചവർക്ക്‌ ബൂത്തിലെത്തി വോട്ട് ചെയ്യാം. അവർ ചൊവ്വാഴ്‌ച വൈകിട്ട് ആറിനുമുമ്പ്‌ ബൂത്തിലെത്തണം. ക്യൂവിലുള്ള എല്ലാ വോട്ടർമാരും വോട്ട് ചെയ്‌തശേഷം ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച്‌‌ എത്തണം. പ്രത്യേകം നാമനിർദേശം ചെയ്യപ്പെട്ട ഹെൽത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇവർ പോളിങ് സ്‌റ്റേഷനിൽ കയറുംമുമ്പ്‌ പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും പിപിഇ കിറ്റ് ധരിക്കണം.