യുഡിഎഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
7 December 2020

യുഡിഎഫിന് മുദ്രാവാക്യം ഇല്ലാതായിരിക്കുന്നു. സര്‍ക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച് ‘അഴിമതിക്കെതിരെ ഒരുവോട്ട്’ എന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു എംഎല്‍എ തട്ടിപ്പ് കേസില്‍ ജയിലിലാണ്. ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെതന്നെ ഗുരുതരമായ കോഴ ആരോപണം വന്നിരിക്കുന്നു.

പാലാരിവട്ടം പാലം പോലെ തകര്‍ന്നുവീഴുകയാണ് ആ മുന്നണി. ദുരാരോപണങ്ങള്‍ മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊരു രാഷ്ട്രീയവും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ എഴുതി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെ നടന്ന വികസന മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.

അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് കോണ്‍ഗ്രസ്സും ബിജെപിയും ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനകം അഞ്ചു മനുഷ്യജീവനുകളാണ് അവര്‍ ഇല്ലാതാക്കിയത്. കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ്. മുഖ്യധാര മാധ്യമങ്ങള്‍ തമസ്ക്കരിച്ചാലും ആ ക്രൂര കൊലപാതകങ്ങള്‍ സൃഷ്ടിച്ച വേദനയും പ്രതിഷേധവും ജനമനസ്സുകളിലുണ്ട്. അതും യുഡിഎഫ് – ബിജെപി കൂട്ടുകെട്ടിന് ആഘാതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://www.facebook.com/PinarayiVijayan/posts/3619413414817129