971 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം തടഞ്ഞ് സുപ്രീംകോടതി; ശിലാസ്ഥാപനവും കടലാസുജോലികളുമായി മുന്നോട്ടുപോകാം

single-img
7 December 2020

 കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്താ പദ്ധതിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി.  വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാമെന്നും പദ്ധതിക്ക് സ്റ്റേയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ സ്റ്റേയില്ലെന്നു കരുതി നിര്‍മാണം നടത്താനാവില്ല. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ കേന്ദ്രനിലപാടില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. പദ്ധതിക്ക് സ്റ്റേ ഏര്‍പ്പെടുത്തിയില്ല എന്നതിനു അര്‍ഥം മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയെന്നല്ലെന്ന് ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാന്‍ കോടതി കേന്ദ്രത്തിന് അനുവാദം നല്‍കി. ഡിസംബര്‍ പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. രാഷ്ട്രപതിഭവൻ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്- സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉൾപ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.

പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെതിരേ 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ട ഈ സാഹചര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരപരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള  പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരുമടക്കമുള്ളവര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട സമയത്ത് ഇത്തരം ഒരു നിര്‍മാണത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി മുൻ വൈസ് ചെയർമാൻ വി.എസ്. ഐലാവദി, പ്രസാർ ഭാരതി മുൻ സി.ഇ.ഒ. ജവഹർ സിർക്കാർ തുടങ്ങിയ മുൻ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവെച്ചത്. പദ്ധതി ഈ മേഖലയുടെ പൈതൃകസ്വഭാവംതന്നെ നഷ്ടപ്പെടുത്തുമെന്നും വലിയ പാരിസ്ഥിതികാഘാതമേൽപ്പിക്കുമെന്നും കത്തിൽ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പാർലമെന്റിൽ ചർച്ചയോ സംവാദമോ നടന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിക്കും കത്തിന്റെ പകർപ്പയച്ചിട്ടുണ്ട്.