കൊല്ല‌ത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്ന കേസ്: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; രാഷ്ട്രീയ കൊലപാതകമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി; എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി

single-img
7 December 2020

കൊല്ല‌ത്ത് സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു. മൺറോതുരുത്തിലാണ് സംഭവം. മൺറോതുരുത്ത് സ്വദേശി മണിലാൽ (50) ആണ് കുത്തേറ്റ് മരിച്ചത്. പട്ടം തുരുത്ത് സ്വദേശി അശോകൻ പൊലീസ് പിടിയിലായി. കൊലപാതക കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

രാഷ്ട്രീയ കൊലപാതകം എന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് പൊലീസ് വാദം. പ്രതി അശോകൻ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളെന്ന് റൂറൽ എസ്പി. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ആർ ഇളങ്കോ. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണമാണോയെന്നും അന്വേഷിക്കും. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പാർട്ടി ഓഫീസ് ഉള്ളതിനാൽ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു.

അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ. ഒരു മാസം മുമ്പ് പ്രതിക്കും കുടുംബത്തിനും കെ സുരേന്ദ്രൻ ബിജെപിയിൽ അംഗത്വം നൽകി. പ്രദേശത്തെ സമാധനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ ശ്രമമെന്നും എസ്. സുദേവൻ പറഞ്ഞു.

സംഭവത്തിൽ ഇന്ന് കൊല്ലത്തു അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് സിപിഐഎം ഇന്ന് ഹർത്താൽ ആചരിക്കുക. മൺട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിൽ പകൽ ഒന്നു മുതൽ വൈകിട്ട് 4 വരെയാണ് ഹർത്താൽ.