വി മുരളീധരന് അറിയാത്ത നെഹ്രു ട്രോഫി വള്ളംകളിയുടെ ചരിത്രം ഇതാണ്

single-img
6 December 2020

എംഎസ് ഗോള്‍വാക്കറിന്റെ പേര് വിവാദത്തില്‍ ജവഹര്‍ലാല്‍ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ചോദിച്ചിരുന്നു. മുരളീധരന് അറിയാത്ത ആ ചരിത്രം ഇതാണ്:

കേരളത്തില്‍ നടക്കുന്ന ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത്.
ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ നയന മനോഹരങ്ങളാണ്. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ആലപ്പുഴ സന്ദര്‍ശനത്തില്‍ നിന്നാണ് ഈ ജലോല്‍സവത്തിന്‍റെ തന്നെ ആരംഭം.

കേരള സന്ദര്‍ശന വേളയില്‍ നെഹ്രുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയ നിര അദ്ദേഹത്തെ അനുഗമിച്ചു. നെഹ്രുവിനോടുള്ള ആദര സൂചകമായി 1952 ലാണ് ആദ്യ വള്ളം കളി നടത്തിയത്.

ചുണ്ടന്‍ വള്ളങ്ങളുടെ ആ ആദ്യ മത്സരത്തില്‍ “നടുഭാഗം ചുണ്ടന്‍ ” ഒന്നാം സ്ഥാനത്തെത്തി. തുഴക്കാരുടെ പ്രകടനത്തില്‍ ഉത്സാഹഭരിതനായ നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി.

പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി. 1952 ഡിസംബര്‍ മാസം ഡല്‍ഹയില്‍ തിരിച്ചെത്തിയ നെഹ്രു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്‍റെ രൂപം സമ്മാനമായി നല്‍കുകയും ചെയ്തു. അതാണ് “നെഹ്രുട്രോഫി “യായി പിന്നീട് മാറിയത്. ട്രോഫിയില്‍ പ്രഥമ പ്രധാനമന്ത്രിയുടെ കയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു- “”തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്‍റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.”