സ്‌പെയ്‌സ് പാര്‍ക്കിൽ സ്വപ്നയുടെ നിയമനം: ഉന്നത ഗൂഢാലോചനയെന്ന് സംശയം; നിക്സിയെ പോലും ഒഴിവാക്കിയായിരുന്നു നിയമനം

single-img
5 December 2020

സ്പെയ്‌സ് പാര്‍ക്കിലെ സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസിനു സംശയം. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ജോലി നഷ്ടപ്പെട്ട സ്വപ്‌നയ്ക്കായി ഓപ്പറേഷന്‍ മാനേജര്‍ തസ്തിക സൃഷ്ടിച്ചെടുക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. . കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വ്വീസ് സെന്റര്‍ അഥവാ നിക്‌സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നല്‍കേണ്ടത്. ഐടി മേഖലയിലെ വിദഗ്ദരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നത് നിക്‌സിയാണ്. എന്നാല്‍ സ്വപ്നയുടെ നിയമത്തിന് വേണ്ടി നികസിയെ ഒഴിവാക്കുകയായിരുന്നു. സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചതായും സംശയമുണ്ട്. സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നിയമനത്തിലെ ദുരൂഹതകളെക്കുറിച്ചു പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. സ്വപ്ന സുരേഷിന് വേണ്ടി ഐടി വകുപ്പിന് കീഴിലുള്ള സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജറെന്ന തസ്തിക സൃഷ്ടിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വീസ് സെന്ററാണ് ഇത്തരം ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിന് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തേണ്ടത്.

മാനദണ്ഡപ്രകാരം നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വീസ് സെന്ററിന്റെ ഓപ്പറേഷന്‍ മാനേജര്‍ തസ്തികയിലേക്ക് എംബിഎ നിർബൻധമാണ്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്നയെ നിയമിക്കാനായി ഇവരെ ഒഴിവാക്കി മറ്റൊരു സ്ഥാപനത്തെ ചുമതലയേല്‍പ്പിച്ചു. ഗുഡ്ഗാവിലുള്ള നോ-വി എന്ന സ്ഥാപനമാണ് സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചത്. മൂന്ന് കമ്പനികള്‍ പരിശോധിച്ചിട്ടും സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന് എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന ചോദ്യമാണ് ഉന്നതഗൂഢാലോചനയിലേക്കു വിരല്‍ചൂണ്ടുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.വ്യാജ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. കേസില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷന്‍ ടെക്‌നോളജീസാണ് സ്വപ്നയെ സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമിച്ചതെന്നാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴി.

Content : Swapna’s appointment at Space Park is in Suspicion of high-level conspiracy; The appointment was made without NICSI