തെരഞ്ഞെടുപ്പില്‍ നായകൻ വീട് വിട്ട് പുറത്തിറങ്ങുന്നില്ല; മുഖ്യമന്ത്രിക്കെതിരെ രമേശ്‌ ചെന്നിത്തല

single-img
5 December 2020

ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങൾ ആവേശകരമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് കാണാന്‍ സാധിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. അതുകൊണ്ടാണ് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ മുഖ്യമന്ത്രി പുറത്തിറങ്ങാത്തത് എന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ചെന്നിത്തലയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നു. പിണറായി വിജയനാണ് നായകനെന്ന് ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദൻ പറഞ്ഞു. പക്ഷെ നായകൻ വീട് വിട്ട് പുറത്തിറങ്ങുന്നില്ല. അദ്ദേഹം ടെലിവിഷൻ വഴി അല്ലെങ്കിൽ വെർച്വൽ റാലി വഴി മാത്രം സംസാരിക്കുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അടക്കം യുഡിഎഫിന്റെ എല്ലാ നേതാക്കളും പൊതുയോഗങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട് ഇല്ലാത്ത ഒരാൾ മാത്രമേ ഉള്ളൂ, കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ എന്നും ചെന്നിത്തല എഴുതി.