വംശീയവാദിയായ ഗോൾവൾക്കറുടെ പേരല്ല നവോത്ഥാന നായകനായ ഡോ പൽപ്പുവിൻ്റെ പേരാണ് ആർ ജി സി ബി ക്യാമ്പസിന് നൽകേണ്ടതെന്ന് മുല്ലക്കര രത്നാകരൻ

single-img
5 December 2020
golwalker rgcb palpu mullakkara

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി(Rajiv Gandhi Centre for Biotechnology-RGCB) തിരുവനന്തപുരത്തിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാക്കറി(M. S. Golwalkar)ന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ നേതാവും എം എൽ എയുമായ മുല്ലക്കര രത്നാകരൻ(Mullakkara Retnakaran). വംശീയവാദിയായ ഗോൾവൾക്കറുടെ പേരല്ല മറിച്ച് മലയാളിയും കേരളത്തിൻ്റെ നവോത്ഥാന നായകനും ആരോഗ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ചയാളുമായ ഡോക്ടർ പൽപ്പു( Dr Palpu)വിൻ്റെ പേരാണ് അത്തരമൊരു സ്ഥാപനത്തിന് നൽകേണ്ടതെന്നും അദ്ദേഹം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിൻ്റെ ശത്രുക്കളാണെന്നും അഹിന്ദുക്കൾക്ക് രണ്ടാം തരം പദവിയേ കൊടുക്കാൻ പാടുള്ളൂവെന്നും തുറന്നു പറഞ്ഞ ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമായിരുന്നു ഗോൾവൾക്കറെന്ന് അദ്ദേഹം പറഞ്ഞു. 1960 ഡിസംബർ 17-ന് ഗോൾവൾക്കർ ഗുജറാത്ത് സർവ്വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കേരളത്തിലെ ജനങ്ങളെ തൻ്റെ പൂർവികരായ നമ്പൂതിരിമാർ “വർണ്ണസങ്കലന പരീക്ഷണത്തിലൂടെ സൃഷ്ടിച്ച “മികച്ച“ മനുഷ്യവർഗമെന്ന് അപമാനിച്ച കാര്യവും മുല്ലക്കര ഓർമ്മിപ്പിക്കുന്നു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമിയുമെല്ലാം നവോത്ഥാനത്തിൻ്റെ ആശയങ്ങൾ പാകി അത് പുഷ്പിച്ച് നിൽക്കുന്ന ഈ മണ്ണിലേയ്ക്ക് ഇത്തരം വിഷവിത്തുകൾ പാകാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ക്യാൻസറിനെയും വൈറൽ രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന് നൽകാൻ ഏറ്റവും അനുയോജ്യമായത് ഡോക്ടർ പല്പുവിൻ്റെ പേരാണെന്നും അദ്ദേഹം പറഞ്ഞു.

“മെഡിക്കൽ പഠനം കഴിഞ്ഞുവന്നപ്പോൾ ജോലി കൊടുക്കാതെ തെങ്ങുചെത്താനായിരുന്നു പൽപ്പുവിനോട് അന്നത്തെ ജാതീയ ഭരണകൂടം പറഞ്ഞത്. പക്ഷേ പൽപ്പു തെങ്ങുചെത്തിയില്ല. മൈസൂരിലെ വാക്സിൻ നിർമ്മാണശാലയുടെ മേൽനോട്ടക്കാരനായി. ഗോവസൂരിക്കെതിരായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ പൽപ്പു നിർമ്മിച്ചു. 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും വിലവെയ്ക്കാതെ അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. പിന്നീട് മൈസൂരിൽ പ്ലേഗ് പടർന്നപ്പോഴും അദ്ദേഹം സേവനം നൽകി.”

അദ്ദേഹം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മെഡിക്കൽ രംഗത്തെ തൻ്റെ സേവനങ്ങൾ തുടരുന്ന കാലത്ത് തന്നെ തിരുവിതാംകൂറിൽ താൻ നേരിട്ട ജാതിവിവേചനത്തിനെതിരെ പോരാടി അധഃസ്ഥിതർക്ക് അവസരം നേടിക്കൊടുക്കാൻ അശ്രാന്തം പരിശ്രമിക്കുകയും ചെയ്ത മഹാനുഭാവനായിരുന്നു അദ്ദേഹം. ഡോ പൽപ്പുവിൻ്റെ പേരിൽ ഒരു ആരോഗ്യഗവേഷണ സ്ഥാപനം ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആവശ്യമാണ് . നാം അതിനായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Content: Mullakkara Retnakaran slams center’s decision to name RGCB campus after Golwalker, suggests Dr Palpu’s name instead