ശബരിമല യുവതീ പ്രവേശനത്തിന് തൽകാലം തടയിട്ട് സംസ്ഥാന സർക്കാർ

single-img
4 December 2020

ശബരിമല ദർശനത്തിനു പത്ത് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രവേശന വിലക്ക് 2018 സെപ്റ്റംബര്‍ 29-ന് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ യുവതിപ്രവേശനത്തിന് തടയിട്ടിരിക്കുകയാണ്.  പുതുക്കിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ദ്ദേശത്തിലാണ് ഇത് സംബന്ധിച്ച നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ദര്‍ശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിരുന്നു. പുതിയ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലാണ് 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശമില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധിക്കു പിന്നാലെ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. അന്ന് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ പോലും നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 

അതിനുശേഷം ആദ്യമായാണ് 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശമില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ദര്‍ശനം അനുവദിക്കില്ലെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിണെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനും വഴിവെച്ചു. സുപ്രീം കോടതി വിധിക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.