കര്‍ഷക പ്രതിഷേധത്തിന് പിന്തുണ; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

single-img
4 December 2020

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിക്കുന്നതിനായി ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. പ്രധാനമന്ത്രി ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണര്‍ക്ക് മുന്നറിയിപ്പു നല്‍കി.

കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ നടത്തിയ പരാമര്‍ശം. ഇന്ത്യയിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്.

തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. ട്രൂഡോയുടെ പരാമര്‍ശത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിര്‍ശനമുന്നയിച്ചിരുന്നു. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.