കലഹം പതിവ്; ആറ് വയസ്സുകാരിയുടെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഞെട്ടൽ മാറാതെ മകൾ

single-img
4 December 2020

ഇടുക്കി വണ്ടിപ്പെരിയാറിൽ കുടുംബകലഹം മൂത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വണ്ടിപ്പെരിയാർ സ്വദേശി ആദിലക്ഷ്മിയെ ആണ് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്നാണ് ആദിലക്ഷ്മിയെ വെട്ടിയതെന്ന് രാജൻ പൊലീസിന് മൊഴി നൽകി.

ആറ് വയസുള്ള സ്വന്തം മകളുടെ മുന്നിലിട്ടാണ് രാജൻ ആദിലക്ഷ്മിയെ വെട്ടിക്കൊന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീട്ടിൽ കലഹം പതിവായിരുന്നു. ആദിലക്ഷ്മിയെ സ്ഥിരമായി സംശയിച്ചിരുന്ന രാജൻ ഇതേച്ചൊല്ലി ബഹളം തുടങ്ങി.

കയ്യിൽ കരുതിയിരുന്ന വാക്കത്തി രാജൻ പുറത്തെടുത്തു. ഇതുകണ്ട് ഇരുവരും തമ്മിൽ വഴക്ക് കൂടുന്നതായും പിടിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് രാജന്‍റെ അമ്മ അയൽവീട്ടിലെത്തി.  എന്നാൽ ദിവസങ്ങളായി തർക്കം പതിവായതിനാൽ അയൽക്കാർ ഇക്കാര്യം കാര്യമായെടുത്തില്ല. വിവരം പറഞ്ഞ് അമ്മ തിരികെ വീട്ടിലെത്തിയപ്പോഴേക്കും രാജൻ ആദിലക്ഷ്മിയുടെ കഴുത്തിൽ വെട്ടിയിരുന്നു. ഇതുകണ്ട് വീട്ടിൽ നിന്ന് അലറി ഓടിയിറങ്ങിയ മകളുടെ കൂടെ രാജന്‍റെ അമ്മയും ഓടി.

വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. കൃത്യത്തിന് ശേഷം ഓടിപ്പോയ രാജനെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച വാക്കത്തി പൊലീസ് കണ്ടെടുത്തു. ആദിലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണം നേരിൽ കണ്ടിതിന്‍റെ ഷോക്കിലുള്ള മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.