ജയ് ശ്രീറാം എന്ന മുദ്രാവാക്യം മമതയ്ക്ക് ഒട്ടും ഇഷ്ടമല്ല; അതിര് കടന്നാല്‍ എല്ലാവരെയും തെരുവിലിട്ട് തല്ലും: ബിജെപി ബംഗാള്‍ അധ്യക്ഷന്‍

single-img
4 December 2020

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും തൃണമൂല്‍ എം പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിക്കെതിരെയും അധിക്ഷേപ പരാമര്‍ശങ്ങളുമായി ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ‘ജോയ് ബംഗ്ലാ’ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെയായിരുന്നു ദിലീപ് ഘോഷ് കടന്നാക്രമിച്ചത്.

‘ ജോയ് ബംഗ്ലാ എന്ന മുദ്രാവാക്യത്തിലൂടെ അവര്‍ ഗൂഢാലോചന നടത്തി പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ജയ് ശ്രീറാം എന്ന മുദ്രാവാക്യം ദീദിക്ക് ഒട്ടും ഇഷ്ടമല്ല. എന്തുകൊണ്ടാണത്? ജയ് ശ്രീറാമിനൊപ്പം നില്‍ക്കാന്‍ സാധിക്കാത്ത വിധം എന്ത് രക്തമാണ് അവരുടെ ശരീരത്തിലൂടെ ഒഴുകുന്നത്?

എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ജയ് ശ്രീറാമം എന്ന മുദ്രാവാക്യം സഹിക്കാന്‍ കഴിയാത്തത്?,’ ദിലീപ് ഘോഷ് ചോദിച്ചു. ദിലീപ് ഘോഷ് ഗുണ്ടായാണെന്നാണ് അഭിഷേക് ബാനര്‍ജി പറഞ്ഞത്. അതെ, തൃണമൂലിന്റെ ഭീഷണിപ്പെടുത്തലും ഗൂണ്ടാരാജും അവസാനിപ്പിക്കാന്‍ ആവശ്യമാണെങ്കില്‍ ഞാന്‍ ഗുണ്ടയാകും. അതിര് കടക്കരുത്. ഞങ്ങള്‍ എല്ലാവരെയും തെരുവിലിട്ട് തല്ലും,’ ദിലീപ് ഘോഷ് പറഞ്ഞു.