കർഷക സമരം; കേന്ദ്ര നിർദ്ദേശങ്ങൾ തള്ളി കർഷക സംഘടനകൾ

single-img
3 December 2020

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് താങ്ങുവില എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാമെന്ന കേന്ദ്രനിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തുന്ന ചര്‍ച്ചകളിലാണ് കര്‍ഷകസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സമവായ നിര്‍ദേശങ്ങള്‍ തള്ളിയത്.

വിവാദമായ കാര്‍ഷികനിയമഭേദഗതികള്‍ പിന്‍വലിച്ച് താങ്ങുവില ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയ ഉറപ്പുകള്‍ നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതില്‍ക്കുറഞ്ഞുള്ള ഒരു ഉപാധിക്കും തയ്യാറല്ലെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.

ഇന്നും സര്‍ക്കാര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണം സമരക്കാര്‍ നിരസിച്ചു. പകരം ഗുരുദ്വാരകളില്‍ നിന്നുള്ള ഉച്ചഭക്ഷണമാണ് സമരക്കാര്‍ കഴിച്ചത്. ഭക്ഷണത്തിനുള്ള ഇടവേളയ്ക്കായി പിരിയുമ്പോഴും ഒരു തരത്തിലുള്ള സമവായവും ചര്‍ച്ചയിലില്ല.

ചര്‍ച്ചയ്ക്ക് കര്‍ഷകവിദഗ്ധര്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രിയെ കര്‍ഷക സംഘടനാനേതാക്കള്‍ ചോദ്യം ചെയ്യുന്നു. നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ നിയമത്തെക്കുറിച്ച് മന്ത്രിക്ക് കര്‍ഷകരോട് വിശദീകരിക്കാനാവില്ലെങ്കില്‍ പിന്നെ എങ്ങനെ നിയമം കൊണ്ടുവന്നുവെന്ന് കര്‍ഷക സംഘടനാനേതാക്കള്‍ ചോദിക്കുന്നു.

എന്നാല്‍ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. നിലവിലെ നിയമത്തില്‍ താങ്ങു വില ഉറപ്പാക്കാം. ഇതിനായി എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കും. കര്‍ഷകരോട് അനുഭാവപൂര്‍മായ നിലപാട് സ്വീകരിക്കുകയാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എടുക്കുന്ന കേസുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.