അടികിട്ടിയത് എന്തിനെന്ന്‌ പോലും അറിയില്ലെന്ന് വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍; മര്‍ദ്ദനമേറ്റിട്ടില്ലെന്ന ബിജെപി വാദം കളവ്

single-img
3 December 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക പ്രതിഷേധത്തില്‍ ഒരു പോലീസുകാരന്‍ വൃദ്ധനായ കര്‍ഷകനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്നെ പോലീസ് നിരവധി തവണ മര്‍ദ്ദിച്ചതായും എന്നാല്‍ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്നും സുഖ്‌ദേവ് സിംഗ് എന്‍ ഡി ടിവിയോട് പറഞ്ഞു.

ആ ചിത്രം രാഷ്ട്രീയ നേതാക്കളടക്കം നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷെ ബിജെപി പ്രവര്‍ത്തകര്‍ ഇത് നുണയാണെന്നും ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നുമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വാദമാണ് പൊളിയുന്നത്. ഇന്നലെ ബിജെപിയുടെ ഐ. ടി സെല്‍ തലവന്‍ അമിത് മാളവ്യ കര്‍ഷകനെ പോലീസ് മര്‍ദ്ദിച്ചുവെന്ന സംഭവം വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഒരു കര്‍ഷകനെ പൊലീസ് തല്ലുന്നതായി പുറത്ത് വന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ന പേരില്‍ അമിത് മാളവ്യ
വ്യാജമായ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.

വാസ്തവം അറിയാന്‍ തങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ അടികിട്ടിയ കര്‍ഷകനെ നേരിട്ട് സമീപിക്കുകയായിരുന്നു എന്ന് എന്‍ഡി ടിവി പറയുന്നു. ‘പോലീസ് ഞങ്ങള്‍ക്ക് മേല്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പിന്നാലെ പുറമെ ലാത്തിയും.

എനിക്ക് ശരീരം മുഴുവന്‍ അടികിട്ടി. കാലിനും മുതുകിനും ഒക്കെ. പോലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്നും സുഖ്‌ദേവ് സിംഗ് പറയുന്നു.