ബുറേവി; കണക്കുകൂട്ടൽ തെറ്റിയില്ല; ശ്രീലങ്കയിൽ വൻനാശം; 75,000 പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത് വൻ ദുരന്തമൊഴിവാക്കി

single-img
3 December 2020
Burevi Catastrophe in Sri Lanka

ഇന്നലെ രാത്രി ശ്രീലങ്കൻ തീരം തൊട്ട ബുറേവി ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് വൻനാശം വിതച്ചു. കെട്ടിടങ്ങളെ തച്ച് തകർത്തും മരങ്ങൾ കടപുഴക്കിയുമാണ് ബുറേവി ലങ്കൻ തീരം വിട്ടത്. ജാഫ്നയിലാണ് കെട്ടിടങ്ങൾ തകർന്നത്.പലയിടത്തും വൈദ്യുതബന്ധവും തടസ്സപ്പെട്ടു.

പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ 75,000ത്തോളം പേരെ സുരക്ഷാ സ്ഥാനത്തേക്കു മാറ്റിയിരുന്നു ഇത് വലിയ ദുരന്തം ഒഴിവാക്കി. ശ്രീലങ്കൻ തീരം വിട്ട ചുഴലിക്കാറ്റ് നിലവിൽ ഗൾഫ് ഓഫ് മാന്നാറിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെയാണ്.

ഉച്ചയോടെ കന്യാകുമാരിക്കും പാമ്പൻ പാലത്തിനും ഇടയിൽ തീരം തൊടും. അതേസമയം അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ ഏഴു ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്കു സാധ്യത. രാവിലെ ഏഴിനു പുറപ്പെടുവിച്ച ജാഗ്രതാനിർദേശത്തിലാണ് ഇക്കാര്യമുള്ളത്.

അതിനിടെ ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് 60 കിലോമീറ്റര്‍ അകലെയാണ് ബുറേവി തീരം തൊട്ടത്. കന്യാകുമാരിയില്‍നിന്നു 380 കിലോമീറ്റര്‍ ദൂരത്തായിരുന്നു കാറ്റ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ഡിസംബര്‍ നാലിന് ബുറേവി ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദമായി ഡിസംബര്‍ നാലിന് കേരളത്തില്‍ പ്രവേശിക്കും.

അതീവജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.