രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

single-img
3 December 2020

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. സി.പി.ഐ.എം എം.എല്‍.എയായ ഐ.ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കിയിരുന്നു.

ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്.

ഇതിന് പിന്നാലെ ചെന്നിത്തല മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ സ്പീക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവയായി മാറിയിരിക്കുകയാണ് സ്പീക്കര്‍ എന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.