മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യം; ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ ചൈന

single-img
2 December 2020

ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിൽ ചൈന ആദ്യമായി ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. ഇത് കുറഞ്ഞ നിരക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്തതിനാലാണെന്ന് ഇന്ത്യൻ വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, എന്നാല്‍ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.

ചൈന പ്രതിവർഷം 4 ദശലക്ഷം ടൺ അരി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഗുണനിലവാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള വാങ്ങലുകൾ ഒഴിവാക്കിയിരുന്നു. ലഡാക്കിലെ അതിർത്തി തർക്കം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ്.

“ചൈന ആദ്യമായി അരി വാങ്ങുന്നു. ഇന്ത്യൻ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വർഷവും അവർ അരി വങ്ങിയേക്കാം,” റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ പൊടിഞ്ഞ അരി ഡിസംബർ-ഫെബ്രുവരി മാസം കയറ്റുമതി ചെയ്യാൻ വ്യാപാരികൾ കരാറുണ്ടാക്കിയതായി വ്യവസായ അധികൃതർ അറിയിച്ചു.