റൂം മേറ്റിന്റെ കൊലപാതകംഅന്വേഷിച്ച പൊലീസ് ചെന്നെത്തിയത് റൂം മേറ്റുമായി മദ്യപിച്ചതിന് ശേഷം കൊലപാതകം നടത്തുന്ന സീരിയൽ കില്ലറിലേക്ക്

single-img
1 December 2020

ചെന്നൈയിൽ രണ്ടു സുഹൃത്തുക്കൾ ചേർന്ന് വാടകയ്ക്കെടുത്ത മുറിയിൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. അന്വേഷണം നടത്തിയ പോലീസ് ചെന്നെത്തിയത് സുഹൃത്തായ സീരിയൽ കില്ലറിലേക്കും. നവംബർ രണ്ടിനാണ് ശങ്കർ(30) എന്ന് പേരുള്ള യുവാവിനെ പൊലീസ് റൂം മേറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇത്തരത്തിൽ മൂന്ന് കൊലപാതകങ്ങൾ കൂടി ഇതിന് മുമ്പ് ചെയ്തതായി കണ്ടെത്തിയത്.

ശങ്കറും ഇസക്കിമുത്തു എന്ന സുഹൃത്തും തിരുപൂർ കോളേജ് റോഡിലെ വാടക മുറിയിലായിരുന്നു താമസം. നവംബർ ആദ്യം ഇവർ താമസിച്ച മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയിലാണ് കൊലപാതക പരമ്പരയുടെ ചുരുൾ അഴിയുന്നത്. മുറിയിലെ താമസക്കാരായ രണ്ട് ചെറുപ്പക്കാരേയും കാണാനില്ലാത്തതും അയൽവാസികളിൽ സംശയം ജനിപ്പിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ, ഇസക്കിമുത്തുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിക്കുള്ളിലെ ബാരലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വാതിൽ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്.

ഇസക്കിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മുറിയിൽ ഒപ്പമുണ്ടായിരുന്ന ശങ്കറിനെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നത് സംശയം കൂടുതൽ ബലപ്പെടുത്തി. ഇതോടെ ശങ്കറിന്റെ കോൾ റെക്കോർഡ് കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. അന്വേഷണം ചെന്നെത്തിയത് കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇസക്കിമുത്തുവിനെ കൊന്ന് സ്ഥലം വിട്ട ശങ്കർ നേരെ പോയത് കോയമ്പത്തൂരിലുള്ള സുഹൃത്ത് ഇളംപരിത്തിയുടെ അടുത്തേക്കാണ്. ഇളംപരിത്തിക്കും സുഹൃത്തു അൻപരസിനുമൊപ്പം ശങ്കറും അതേ മുറിയിൽ താമസം തുടങ്ങി.

നവംബർ 12 ന് ഇളംപരിത്തിയും അൻപരസും തമ്മിലുണ്ടായ വഴക്കിൽ ഇടപെട്ട ശങ്കർ അൻപരസിനെ കയ്യിൽ കരുതിയ കല്ല് ഉപയോഗിച്ച് തലക്കടിച്ചു. അൻപരസ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇതോടെ പൊലീസ് എത്തി ശങ്കറിനേയും ഇളംപരിത്തിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസക്കിമുത്തുവിന്റെ കൊലപാതകം അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് സമാനരീതിയിൽ റൂം മേറ്റിനെ കൊന്ന് ജയിലിൽ കഴിയുന്ന ശങ്കറിനേയാണ്. ഇതോടെയാണ് ശങ്കറിനുള്ളിലെ സീരിയിൽ കില്ലറെ പൊലീസ് തിരിച്ചറിയുന്നത്.

2018 ലും ശങ്കറിനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ രണ്ട് വർഷത്തിനിടയിൽ രണ്ട് കൊലപാതകങ്ങൾ കൂടി നടത്തി. മൂന്ന് കേസുകളിലും ശങ്കറിന്റെ കൊലപാതക രീതി ഒന്നാണെന്ന് പൊലീസ് പറയുന്നു. റൂം മേറ്റുമായി മദ്യപിച്ചതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തുന്നത്. ചോദ്യം ചെയ്യലിൽ ഇസക്കിമുത്തുവിനെ കൊന്നതാണെന്ന് ശങ്കർ സമ്മതിച്ചു.