അമ്മയെയും സഹോദരിയെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊന്ന് യുവാവ്; ഐ.പി.എല്‍. പന്തയത്തിലേര്‍പ്പെടുന്നതിലെ വിലക്ക്

single-img
30 November 2020
IPL  betting  Young man kills mother and sister

ഐ.പി.എല്‍. പന്തയത്തിലേര്‍പ്പെടുന്നത് വിലക്കിയതിനെ തുടർന്ന് അമ്മയെയും സഹോദരിയെയും യുവാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ സായ്‌നാഥ് റെഡ്ഡിയാണ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. അമ്മ സുനിത, സഹോദരി അനുഷ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

നവംബര്‍ 23-നാണ് ഇരുവര്‍ക്കുമുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ചികിത്സയിലിരിക്കെ സുനിത നവംബര്‍ 27-നും അനുഷ നവംബര്‍ 28-നും മരിച്ചു. ഇവരുടെ മരണത്തിന് പിന്നാലെ സായ്‌നാഥ് സ്വയം ബന്ധുക്കളോട് കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

ഐ.പി.എല്‍ മത്സരങ്ങളുടെ പന്തയത്തിലൂടെ സായ്‌നാഥിന് വന്‍ തുക നഷ്ടമായതോടെ കടം പെരുകി. തുടര്‍ന്ന് അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ അവരറിയാതെ വില്‍പ്പന നടത്തി. കടം തീര്‍ക്കാനായി ബാങ്കിലുണ്ടായിരുന്ന പണവും തിരിച്ചെടുക്കാന്‍ ശ്രമിച്ചു. സായ്‌നാഥിന്റെ പിതാവ് പ്രഭാകര്‍ മൂന്ന് വര്‍ഷം മുമ്പ് റോഡപകടത്തില്‍ മരിച്ചിരുന്നു. ഇതില്‍ ഇന്‍ഷുറന്‍സ് തുകയായി ലഭിച്ച 20 ലക്ഷം രൂപയും ഭൂമി വിറ്റുകിട്ടിയ തുകയുമാണ് ബാങ്കില്‍നിന്ന് തിരിച്ചെടുക്കാന്‍ ശ്രമിച്ചത്. ഇക്കാര്യമറിഞ്ഞ അമ്മയും സഹോദരിയും ഇരുവരും യുവാവിനോട് പന്തയത്തിലേര്‍പ്പെടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. 

നവംബര്‍ 23-ന് വീട്ടിലെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം സായ്‌നാഥ് ജോലിക്ക് പോയി. ഉച്ചയോടെ ഭക്ഷണം കഴിച്ച സുനിതയും അനുഷയും അവശനിലയിലായി. തുടര്‍ന്ന് ബന്ധുക്കള്‍ സായ്‌നാഥിനെ വിവരമറിയിക്കുകയും വീട്ടില്‍നിന്ന് കൊണ്ടുപോയ ഭക്ഷണം കഴിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വീട്ടിലെത്തിയ സായ്‌നാഥ് അമ്മയും സഹോദരിയും അബോധാവസ്ഥയിലാകുന്നത് വരെ കാത്തിരുന്നു. ഇതിനുശേഷമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അമ്മയുടെയും സഹോദരിയുടെയും അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ സായ്‌നാഥ് തന്നെയാണ് ഇക്കാര്യങ്ങള്‍ ബന്ധുക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content : Young man kills mother and sister with food poisoning due to Prohibition on IPL betting