കെഎസ്എഫ്ഇയില്‍ വിജിലൻസ് നടത്തിയത് റെയ്ഡല്ല, മിന്നല്‍ പരിശോധന: മുഖ്യമന്ത്രി

single-img
30 November 2020

സംസ്ഥാനത്ത് കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെവിശദീകരിച്ച് മുഖ്യമന്ത്രി. വിജിലന്‍സ് നടത്തിയത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് നടത്തിയ പരിശോധനയെ അസാധാരണമായി കാണേണ്ടതില്ലെന്നും, അവരുടെ പരിശോധനയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് അധികൃതര്‍ സര്‍ക്കാരിന് കൈമാറുമെന്നും പിന്നീട് സര്‍ക്കാര്‍ പരിശോധിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ചാല്‍ സ്വമേധയാ മിന്നല്‍ പരിശോധന നടത്തുന്നതാണ് അവരുടെ രീതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പരിശോധനക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മാത്രമാണ് വേണ്ടത്, അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കെഎസ്എഫ്ഇയില്‍ മാത്രമല്ല ഇത്തരത്തില്‍ പരിശോധന നടന്നതെന്നും വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തില്‍ പരിശോധന നടന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.