ഓക്‌സ്ഫഡ് കോവിഡ് വാക്‌സിനെതിരെ യുവാവ്; 100 കോടിയുടെ മാനനഷ്ടകേസ് നൽകി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

single-img
30 November 2020

കോവിഷീല്‍ഡ് ഡോസ് എടുത്തതിനു പിന്നാലെ തനിക്കു നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടയാള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി. 

ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍നിന്ന് ഒക്ടോബര്‍ ഒന്നിന് കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ആളാണ് പരാതിക്കാരന്‍. വാക്സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങളും ഉണ്ടായെന്നാണ് 40 വയസുള്ള ബിസിനസ് കണ്‍സള്‍ട്ടന്റ് പറയുന്നത്. അതിനാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തനിക്ക് അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യമാണ് ഇയാള്‍ ഉയര്‍ത്തിയത്. കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. 

അതേസമയം ഇയാളുടെ വാദങ്ങള്‍ അടിസ്ഥാനഹരിതമാണെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പ്രതികരിച്ചു. സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്‌സീന്‍ പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്‌നം തെറ്റായി വാക്‌സീന്‍ പരീക്ഷണത്തിനു മേല്‍ ആരോപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. അദ്ദേഹത്തിനുണ്ടായ പ്രശ്‌നങ്ങള്‍ വാക്‌സീന്‍ മൂലമല്ലെന്ന് മെഡിക്കല്‍ സംഘം കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും വാക്‌സീനെതിരെ ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ യശസ് തകര്‍ക്കാനുദ്ദേശിച്ചാണ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ലോകപ്രശസ്തമായ കമ്പനിയില്‍ നിന്ന് പണം തട്ടിയെടുക്കാനായാണ് പരാതിക്കാരന്‍ അടിസ്ഥാനഹരിതമായ ആരോപണമുയര്‍ത്തുന്നത്. പരാതി വ്യാജമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനും ആരോഗ്യമന്ത്രാലയത്തിനും അറിയാമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. 

പരാതിക്കാരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വാക്‌സിന്‍ പരീക്ഷണത്തിനും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ഐസിഎംആറും പ്രതികരിച്ചിട്ടുണ്ട്. 

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക എന്നിവ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീല്‍ഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം. 

അമേരിക്കയിലുള്ള ഒരു വോളന്റിയര്‍ക്ക് നട്ടെല്ല് സംബന്ധമായ ചില പ്രശ്നങ്ങളുടെ സൂചന ശ്രദ്ധയില്‍പ്പെട്ടതോടെ കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പരീക്ഷണം തുടരാനുള്ള അനുമതി സെപ്റ്റംബര്‍ 15 ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു.