ജോ ബൈഡന് പരിക്ക്: മേജർ എന്ന നായയ്‌ക്കൊപ്പം കളിക്കുന്നതിനിടെ

single-img
30 November 2020

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരിക്ക്. മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റത്. അതേസമയം ബൈഡന്റെ എല്ലുകള്‍ക്ക് പൊട്ടലുകളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

78കാരനായ ബൈഡന് ശനിയാഴ്ചയാണ് പരിക്കേറ്റത്. തുടര്‍ന്ന് ഞായറാഴ്ച അസ്ഥിരോഗ വിദഗ്ധനെ സന്ദര്‍ശിച്ച ബൈഡനെ എക്‌സ് റേയ്ക്കും സി.ടി. സ്‌കാനിങ്ങിനും വിധേയനാക്കി. പ്രാഥമിക എക്‌സ് റേ പരിശോധനയില്‍ പൊട്ടലുകളില്ലെന്ന് വ്യക്തമായതായി ബൈഡന്റെ സ്വകാര്യ ഡോക്ടര്‍ കെവിന്‍ ഒ കോണറിനെ ഉദ്ധരിച്ച് പ്രത്യേക പ്രസ്താവന ബൈഡന്റെ ഓഫീസ് പുറത്തിറക്കി. ബൈഡനെ ഒരു സ്‌കാനിങ്ങിനു കൂടി വിധേയനാക്കുമെന്നും കെവിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന്‍ ദത്തെടുത്തത്. 2008ലെ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു ചാമ്പിനെ ബൈഡന്‍ സ്വന്തമാക്കിയത്. നായ്ക്കളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും ഒരു പൂച്ചയെ കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും ബൈഡന്‍ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു

78കാരനായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡണ്ടാണ്. അമേരിക്കയുടെ പ്രസിഡണ്ട് പദവിയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ജോ ബൈഡന്‍. ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി രണ്ട് തവണ ഉണ്ടായിരുന്നപ്പോള്‍ ജോ ബൈഡന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തുണ്ടായിരുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് രണ്ടാമത് ഒരൂഴം കൊടുക്കാതെയാണ് ജോ ബൈഡന്റെ വിജയം.

പോപ്പുലര്‍ വോട്ടുകളിലും ഇലക്ടറല്‍ വോട്ടുകളിലും ഭൂരിപക്ഷം ഉറപ്പിച്ചാണ് ജോ ബൈഡന്റെ വിജയം. കടുത്ത മത്സരം നടന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പെന്‍സില്‍വാനിയ അടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല കോട്ടകളും ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. അതേസമയം ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും കൃത്രിമത്വം കാണിച്ചിട്ടാണ് ബൈഡന്റെ വിജയം എന്നാണ് ട്രംപ് ആരോപിക്കുന്നത്