രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് രമേശ് ചെന്നിത്തല

single-img
28 November 2020
ramesh chennithala pinarayi vijayan

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ(CM Raveendran) ഇഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല(Ramesh Chennithala). തൃശ്ശൂരില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതും അന്വേഷണം നടന്നു കൊണ്ടിരുന്നപ്പോള്‍ അത് ശരിയായ ദിശയിലൂടെ ആണെന്ന് പറഞ്ഞതും മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)നാണ്. ആ അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേയെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടു കൂടിയാണ് മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയത്. മുഖ്യമന്ത്രിയുടെ പങ്ക് ഈ കാര്യത്തില്‍ അന്വേഷണ വിധേയമാക്കേണ്ടത് അനിവാര്യമാണ്. അത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ വന്നതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് കണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതല്‍ ഈ കേസില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഒരു ഡസന്‍ യുഡിഫ് എംഎല്‍എ(UDF MLA)മാര്‍ക്കെതിരെ കേസ് എടുക്കാനുള്ളത് പാര്‍ട്ടി തീരുമാനമാണ്. ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ ദേഹത്തും ചെളി പുരട്ടണമെന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണ് ഈ നടപടിയെന്നും ചെന്നിത്തല പറഞ്ഞു.

സത്യവുമായും വസ്തുതയുമായും ഒരു ബന്ധവുമില്ലാത്ത ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പ്രാഥമിക അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവി(Oppostion Leader)നെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വര്‍ണക്കടത്തില്‍ കുറ്റവാളികള്‍ ആണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്ന സന്ദര്‍ഭമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍(Drug Case) പ്പെട്ട് ബെംഗളൂരുവിലെ ജയിലില്‍ കഴിയുകയാണ്. അസാധാരണമായ സാഹചര്യമാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Content: Ramesh Chennithala Slams CM Pinarayi Vijayan