സത്യം എന്നായാലും പുറത്തുവരും; സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടില്ലെന്ന് ഉമ്മൻചാണ്ടി

single-img
28 November 2020

രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദമായ സോളാർ കേസിലെ യഥാർത്ഥ പ്രതി ഗണേഷ് കുമാർ എംഎൽഎ ആണെന്ന മനോജ്കുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം എന്നായാലും പുറത്തുവരും. അത് എല്ലാവർക്കും അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഒരിക്കല്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇനി സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടില്ല. അന്ന് തന്നെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇനിയും ഈ കാര്യത്തില്‍ ചെലവ് വേണമോയെന്നു സർക്കാർ ആലോചിക്കണം.

താനൊരു ദൈവ വിശ്വാസിയാണ്. ആരോപണങ്ങൾ വന്നപ്പോൾ ദു:ഖിച്ചിട്ടില്ല. ഇപ്പോൾ അതിലെ സത്യാവസ്ഥ പുറത്തുവരുമ്പോൾ അത്യധികം സന്തോഷിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഗണേഷ്‌കുമാറിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി പറയാനില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.

ജനങ്ങള്‍ക്കിടയില്‍ പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ഇത്തരം ആരോപണങ്ങളെല്ലാം നേരിടേണ്ടി വരും. അതെല്ലാം സഹിക്കുകയാണ് ചെയ്യേണ്ടത്. ആർക്കെതിരേയും പ്രതികാരം ചെയ്യാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.