ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്ന് പേര് മാറ്റും: യോഗി ആദിത്യനാഥ്

single-img
28 November 2020

തെരഞ്ഞെടുപ്പില്‍ വിജയിച്ച് തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തയാഴ്ചയില്‍ നടക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് യോഗി ഇക്കാര്യം അറിയിച്ചത്.

ഡിസംബർ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ സാധിക്കുമോ എന്ന് ചില ആളുകൾ തന്നോട് ചോദിച്ചിരുന്നു, എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താൻ ചോദിച്ചു.

യു പിയില്‍ ബിജെപി അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പേര് മാറ്റിയിരുന്നു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്തു കൂടായെന്നായിരുന്നു ആദിത്യനാഥ്‌ പ്രസംഗത്തില്‍ ചോദിച്ചത്.