ബലാത്സംഗ കേസുകളില്‍ ശിക്ഷ രാസ ഷണ്ഡീകരണം; ഓര്‍ഡിനന്‍സിന് പാക് മന്ത്രിസഭയുടെ അംഗീകാരം

single-img
27 November 2020

ഇനിമുതൽ ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള ഓര്‍ഡിനന്‍സിന് പാകിസ്താൻ മന്ത്രിസഭയുടെ അംഗീകാരം.രാജ്യത്തെ നിയമ മന്ത്രാലയം സമർപ്പിച്ച കരടിന് ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ ഇമ്രാൻ ഖാൻ അനുവാദം നൽകുകയായിരുന്നു .

പാകിസ്താന്റെ നിയമമന്ത്രി ഫറോഗ് നസീമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമമന്ത്രാലയം ബലാത്സംഗ വിരുദ്ധ ഓർഡിനൻസ് അവതരിപ്പിക്കുകയും അതിന് ശേഷം മന്ത്രിസഭ ഇത് പാസാക്കുകയുമായിരുന്നു.

ബലാത്സംഗ കേസുകൾ സമൂഹത്തിലെ ഗുരുതരമായ പ്രശ്നമാണെന്നും ഇതിനെതിരെ നിയമം നടപ്പിലാക്കാൻ വൈകിക്കരുതെന്നും പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ വ്യക്തമാക്കി. രാജ്യത്ത് ബലാത്സംഗക്കേസിലെ ഇരകൾക്ക് ഭയപ്പാടില്ലാതെ പരാതി നൽകാൻ കഴിയുമെന്നും സർക്കാർ അവരുടെ വ്യക്തിത്വം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതോടൊപ്പം തന്നെ ബലാത്സംഗ കേസുകളിൽ വളരെ വേഗത്തില്‍ വിധി പറയാനും സാക്ഷികളെ സംരക്ഷിക്കുന്നതിനുമുള്ള ബില്ലുകളും മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. മാത്രമല്ല, പോലീസ് സേനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തലും പുതിയ നിയമനിര്‍മാണത്തില്‍ ഉൾപ്പെട്ടിട്ടുണ്ട്.