ബാരിക്കേഡുകൾക്ക് തടുത്ത് നിർത്താനായില്ല; കർഷകമാർച്ച് ഹരിയാനയും കടന്ന് ഡൽഹിയിലേയ്ക്ക്

single-img
26 November 2020

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിൽ (Farm Laws) പ്രതിഷേധിച്ച് പഞ്ചാബിലെ കർഷകർ നടത്തുന്ന പ്രതിഷേധമാർച്ച് (Farmers Protest) ഹരിയാനയും കടന്ന് തലസ്ഥാനമായ ഡൽഹിയിലേയ്ക്ക് നീങ്ങുന്നു. പഞ്ചാബിൽ ട്രെയിൻ തടയൽ സമരമായി ഒതുങ്ങിനിന്ന കർഷകരോഷം രാജ്യമൊട്ടാകെ പടർന്നതോടെ ഡൽഹിയുടെ അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ(Punjab-Hariyana Border) പൊലീസ് ജലപീരങ്കികളും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് കർഷകർ മുന്നേറുകയായിരുന്നു. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ ചില പ്രതിഷേധക്കാർ നദിയിലേയ്ക്ക് വീഴുന്ന സാഹചര്യവുമുണ്ടായി. ജിൻഡ്-പട്യാല (Jind-Patiala Highway) ഹൈവേയിൽ പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾ അടിച്ചുതകർത്തു.

ട്രാക്ടറുകളിലാണ് കർഷകർ ഡൽഹിയിലേയ്ക്ക് മാർച്ച് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിലേക്കുള്ള ഒമ്പത് വഴികൾ പൊലീസ് അടച്ചു. ഹരിയാനയിൽ നിന്ന് വടക്കൻ ഡൽഹിയിലേയ്ക്ക് കടക്കുന്ന സിംഗു ബോർഡറിൽ (Singhu Border) ട്രാക്ടറുകളെ തടയുന്നതിനായി ട്രക്കുകളിൽ മണൽ നിറച്ചാണ് പൊലീസ് കാവൽ നിൽക്കുന്നത്. ജലപീരങ്കികളും ഡ്രോണുകളുമടക്കം വലിയ സുരക്ഷാസന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി ജില്ലയുടെ സുരക്ഷയ്ക്കായി മാത്രം സിആർപിഎഫും(CRPF) ആർഎഎഫും(RAF) അടക്കം 12 കമ്പനി സേനയെ അധികമായി വരുത്തി വിന്യസിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ കർഷകരെ ശത്രുക്കളെപ്പോലെ നേരിടുകയാണെന്ന് ശിരോമണി അകാലിദൾ(Harsimrat Kaur Badal) നേതാവും മുൻ കേന്ദ്ര ഭക്ഷ്യോല്പാദന വ്യവസായ വകുപ്പ് മ്നന്ത്രിയുമായ ഹർസിമ്രത് കൌർ ബാദൽ (Harsimrat Kaur Badal) ആരോപിച്ചു. കേന്ദ്രസർക്കാർ പാസാക്കിയ കാ‍ർഷികനിയമങ്ങൾ കർഷകർക്കെതിരാണെന്നാരോപിച്ചായിരുന്നു ബത്തിൻഡയിൽ നിന്നുള്ള പാർലമെന്റംഗമായ ഹർസിമ്രത് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മോദി മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. തുടർന്ന് ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിടുകയും ചെയ്തു.

കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമത്തെ ശിരോമണി അകാലിദൾ അധ്യക്ഷനായ സുഖ്ബീർ സിങ് ബാദലും(Sukhbir Singh Badal) അപലപിച്ചു. ഇന്ന് പഞ്ചാബിന്റെ “26/11” ആണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ അവസാനത്തിനാണ് നാം സാക്ഷിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content: Farmers protest: Protestors cross Haryana border breaking the barricades amid heavy Police Deployment