ഓക്സ്ഫഡ് കോവിഡ് വാക്സീന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി; വിതരണം ജനുവരിയോടെയെന്ന് സൂചന

single-img
24 November 2020

ഓക്സ്ഫഡ് വാക്സീന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. പരീക്ഷണ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിച്ചു. നിയന്ത്രണ അതോറിറ്റിയുടെ തീരുമാനം കാത്ത് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.

അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറി. വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും.

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയോടെ സാധ്യമാകുമെന്ന് വിലയിരുത്തൽ. ഓക്‌സ്‌ഫഡ് സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന് തയ്യാറാക്കുന്ന കോവിഷീൽഡ് ആയിരിക്കും ഇന്ത്യയിൽ ആദ്യമെത്തുക.

പൂണെ സിറം ഇൻസ്റ്റിറ്റ‌്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്‌ഫഡ് വാക്‌സിന്റെ ട്രയൽ റിപ്പോർട്ട് ഡിസംബർ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്‌സിൻ പരീക്ഷണത്തിൽ 70.4 ശതമാനം സ്ഥിരത പുലർത്തിയെന്നാണ് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് അവകാശപ്പെടുന്നത്. കോവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉടൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് സ്ഥാപകൻ ഡോ.സൈറസ്‌ പൂനെവാല പറഞ്ഞു.

“കോവിഡിനെതിരായ വാക്‌സിൻ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്‌സിൻ പൊതു വിപണിയിലെത്തിക്കാൻ ആവശ്യമായ അടിയന്തരാനുമതിക്കായി അടുത്ത 45 ദിവസത്തിനുള്ളിൽ ഞങ്ങൾ അപേക്ഷിക്കും,” പൂനെവാല പറഞ്ഞു.

വാക്‌സിൻ ഉപയോഗിച്ച വ്യക്തികളിൽ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയിൽ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവർ അവകാശപ്പെടുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം 14 ദിവസമോ അതിൽ കൂടുതലോ ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന കോവിഡ് -19 ൽ നിന്ന് സംരക്ഷണം കാണിക്കുന്നതായാണ് ഒരു സ്വതന്ത്ര ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് നിർണയിച്ചത്. വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ സംഭവങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

ഓക്‌സ്‌ഫഡ് വാക്സിന്റെ രാജ്യാന്തര ഉൽപാദകരായ അസ്ട്രാസെനക്ക, വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുകെ അധികൃതരെ സമീപിച്ചിട്ടുണ്ട്. യുകെയുടെ നിലപാട് ഇന്ത്യ പരിശോധിക്കും. നാൽപ്പത് മില്യൺ വാക്‌സിൻ ഡോസുകൾ ഇതിനോടകം തയ്യാറായിട്ടുണ്ട്. അടുത്ത 45 – 60 ദിവസത്തിനുള്ളിൽ 60 മില്യൺ ഡോസുകൾ കൂടി ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് മേധാവി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

കോവിഷീൽഡ് വാക്‌സിൻ താരതമ്യേന ചെറിയ വിലയിൽ വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് സിഇഒ അധർ പൂനെവാലയും പറഞ്ഞു. ആദ്യ ഡോസ് 90 ശതമാനം സ്ഥിരത പുലർത്തുന്നതായും രണ്ടാം ഡോസ് 62 ശതമാനം സ്ഥിരത പുലർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്‌ട്രസെനെകയും ചേർന്നാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ നിർമിക്കുന്നത്. കോവിഡ് വാക്‌സിൻ മുതിർന്നവരിൽ 99 ശതമാനം വിജയമെന്നു രണ്ടാംഘട്ട പരീക്ഷണഫലത്തിൽ സൂചിപ്പിക്കുന്നുണ്ട്. 60 വയസിനു മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിന്റെ വിശദമായ ഫലം ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഏറെ ഫലപ്രദമെന്നാണ് ഇതിലെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതും.

രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടിവരിക. സ്വകാര്യ വിപണിയിൽ 500 മുതൽ 600 വരെയായിരിക്കും വാക്‌സിൻ വിലയെന്നും സിറം വ്യക്തമാക്കുന്നു. രണ്ട് ഡോസിന് ആയിരം രൂപയായിരിക്കും വില. അതേസമയം, മറ്റ് രാജ്യങ്ങളുടെ വാക്‌സിനും ഉടൻ പുറത്തിറക്കാൻ സാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ, യുഎസ് കമ്പനിയായ ഫെെസർ കോവിഡ് വാക്‌സിൻ പരീക്ഷണം 90 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്‌സിൻ പരീക്ഷണം 95 ശതമാനവും വിജയകരമെന്നാണ് ഇപ്പോൾ ഫെെസർ അവകാശപ്പെടുന്നത്. വാക്സിനിന്റെ ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട ഒടുവിൽ ലഭിച്ച ഫലങ്ങൾ 95% ഫലപ്രദമാണെന്ന് ഫെെസർ പറഞ്ഞു. ഇതിന് ആവശ്യമായ രണ്ട് മാസത്തെ സുരക്ഷാ ഡാറ്റയുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ യുഎസ് സർക്കാരിന്റെ അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.

എല്ലാ പ്രായത്തിലുമുള്ളവരിലും വ്യത്യസ്‌ത ജനവിഭാഗങ്ങളിലും വാക്‌സിൻ ഫലപ്രാപ്‌തി കാണിക്കുന്നുണ്ടെന്നും വലിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിൻ നിർമാതാക്കൾ അവകാശപ്പെട്ടു. കോവിഡ് ബാധിതരിൽ പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിൻ 94 ശതമാനവും സ്ഥിരത പുലർത്തുന്നുണ്ടെന്നാണ് ഫൈസർ പറയുന്നത്.

ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ ഒരാഴ്‌ച മുൻപ് അറിയിച്ചത്. നിലവിൽ പരീക്ഷണങ്ങൾ നടത്തിവരുന്ന വാക്‌സിനുകളിൽ ഏറ്റവും വേഗത്തിൽ വിജയം കാണാൻ സാധ്യതയുള്ളത് ഫൈസറിന്റേതാണ്.

ഫൈസറിന് പിന്നാലെ കോവിഡ് വാക്‌സിൻ ഫലപ്രാപ്‌തിയിലെത്തിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിനായി തങ്ങൾ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം. ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഈ വാക്സിനുകളും ഇന്ത്യയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.