ഇന്ത്യയിൽ കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി

single-img
24 November 2020

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവില്‍ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രജ്ഞർ. വാക്‌സീൻ വിതരണത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് വാക്‌സിനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുളളത്.

ഇതിൽ ഓക്‌സ്‌ഫോഡ് സർവ്വകലാശാലുമായി ചേർന്ന് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കൊവിഷീൽഡ് മൂന്ന് പരീക്ഷണ ഘട്ടങ്ങളും പിന്നിട്ടു കഴിഞ്ഞു. അൻപത് ശതമാനത്തിന് മുകളിൽ ഫല പ്രാപ്തിയെങ്കിൽ വാക്‌സിൻ ഗുണകരമെന്നാണ് ഐസിഎംആറിൻറെ വിലയിരുത്തൽ.

കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. കേരളം, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.