ബാർ കോഴ :ബിജു രമേശിന്റെ രഹസ്യമൊഴിയുടെ പകർപ്പ് പുറത്ത്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുൻപ് അന്വേഷണം നടന്നെന്ന വാദം പൊളിയുന്നു

single-img
24 November 2020

ബാർ കോഴയിൽ തനിക്കെതിരെ അന്വേഷണം നടന്നിരുന്നെന്ന രമേശ് ചെന്നിത്തലയുടെ വാദം പൊളിച്ച് ബിജു രമേശിൻ്റെ പഴയ രഹസ്യമൊഴി പുറത്തുവന്നു. ബിജു രമേശ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടന്നെന്ന വാദം ഉയർന്നിരുന്നു. എന്നാൽ ബിജു രമേശ് നൽകിയ രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേരില്ല. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ പകർപ്പ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

ബാർ കോഴയിൽ ചെന്നിത്തലയ്ക്കെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ടുള്ള ഫയൽ ഗവർണ്ണറുടെ പരിഗണനയിൽ ആണുള്ളത്. ഏതന്വേഷണവും ആകാമെന്ന് പുറത്ത് വെല്ലുവിളിച്ച ചെന്നിത്തല പക്ഷെ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രഹസ്യമായി ഗവർണർക്ക് കത്തെഴുതുകയും ചെയ്തു. തനിക്കെതിരെ നേരത്തെ അന്വേഷണം നടത്തിയതിനാൽ ഇപ്പോൾ അനുമതി നൽകരുതെന്നായിരുന്നു ചെന്നിത്തല ഗവർണറോട് അഭ്യർത്ഥിച്ചത്. ഗവർണറെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം തടയുകയായിരുന്നു ലക്ഷ്യം. രഹസ്യമൊഴി പുറത്തു വന്നതോടെ ചെന്നിത്തലയുടെ കള്ളം കയ്യോടെ പിടിക്കപ്പെട്ടു.

മുൻ മന്ത്രി കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെയാണ് ബിജു രമേശിന്റെ രഹസ്യമൊഴിയിൽ വെളിപ്പെടുത്തൽ. ചെന്നിത്തലയെ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്റിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നാണ് ബിജു രമേശ് പറഞ്ഞത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു. ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ മന്ത്രിമാരായിരുന്ന കെ.ബാബുവിനും വി.എസ്.ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ചെന്നിത്തലക്ക് ഒരുകോടിയും കെ.ബാബുവിന് അൻപത് ലക്ഷവും ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. കെ.എം. മാണിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഗൂഡാലോചന നടത്തിയെന്ന കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു ബിജു രമേശ് ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു.

Content : Bar scam ramesh chennithala argument as an earlier probe was conducted against him is backfire