രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല

single-img
23 November 2020

കേരളാ കോണ്‍ഗ്രസില്‍ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി ജോസ് കെ മാണിക്ക് ചിഹ്നം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി.

ഇന്ന് രാവിലെയാണ് ജോസഫ് അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവെച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. സ്റ്റേ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പി ജെ ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ ഉത്തരവിറക്കും.