ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പ്: രമേശ്‌ ചെന്നിത്തല

single-img
23 November 2020

ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു.

ഇവിടെ ഒരു നിയമം നിലവില്‍ വന്ന ശേഷം അത് നടപ്പാക്കില്ലന്ന് മുഖ്യമന്ത്രിക്കല്ല ആര്‍ക്കും പറയാന്‍ കഴിയില്ല. നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കെ പി ആക്റ്റിലെ 118 എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണ്. ഭരണഘടനാപരമായിത്തന്നെ നിലനില്‍പ്പില്ലാത്ത ഒരു ഭേദഗതിയാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്.

അതുകൊണ്ടുതന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്. ഭേദഗതി നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് നിയമമായി നിലനില്‍ക്കുന്ന കാലത്തോളം പൊലീസിന് ഇതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശുമാത്രമാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.