ബാര്‍ക്കോഴ: രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണാനുമതി; ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് നടപടി

single-img
21 November 2020

 ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് ബിജു രമേശ് കുറച്ചു ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.

കേസില്‍ സര്‍ക്കാരിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി കൂടി ആവശ്യമാണ്. ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലുമാണ് സ്പീക്കറുടെയും ഗവര്‍ണറുടെയും അനുമതിയ്ക്കായി ഫയല്‍ അയക്കുന്നത്.

മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിജു രമേശ് വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

അതേസമയം ബാര്‍കോഴ കേസില്‍ നിന്ന് പിന്മാറാനായി അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല.