രണ്ടുതവണ ദിലീപിനെ കണ്ടു; ഗണേഷ്കുമാറിനൊപ്പം ജയിലിൽ പോയാണ് കണ്ടത്; നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിന്റെ മൊഴി നിർണ്ണായകം

single-img
21 November 2020

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടന്നത് വലിയ ഗൂഢാലോചന. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപിന്റെ മൊഴി നിര്‍ണായകമാവുന്നു. താന്‍ രണ്ടുതവണ ഗണേഷ് കുമാറിനൊപ്പം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നുവെന്നാണ് പ്രദീപ് പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രദീപിനെതിരെ തെളിവുണ്ടെന്നും പ്രദീപ് തന്നെയാണ് മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ വിളിച്ചതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. പ്രദീപ് തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ സിംകാര്‍ഡ് എടുത്തിരുന്നു. വിപിൻ ലാലിനെ വിളിക്കാൻ മാത്രമായി തമിഴ്‌നാട്ടിൽ നിന്നും സിം കാർഡ് എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിപിൻ ലാലിനെ മാത്രമാണ് വിളിച്ചത്. ജനുവരി 28നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോൺവിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. വിപിന്‍ ലാലിനെ വിളിച്ചതിന്റെ പിറ്റേദിവസം ടവര്‍ ലൊക്കേഷന്‍ പത്തനാപുരമായിരുന്നു. ആ സിം കാര്‍ഡ് ഉപയോഗിച്ചത് ഒരു തവണ മാത്രമാണെന്നും പോലീസ് അറിയിച്ചു.

കേസിലെ വിചാരണ തുടങ്ങുന്നതിന് മുമ്പായി സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ യോഗത്തില്‍ പ്രദീപ് പങ്കെടുത്തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന് ബേക്കല്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രദീപിന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ കാണാന്‍ പ്രദീപ് കുമാര്‍ ബേക്കലിലെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജൂവലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

ജൂവലറിയിലെ സി.സി. ടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിലെ പ്രദീപിന്റെ ഇടപെടല്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്നാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫോണ്‍കോളുകളിലൂടെയും കത്തുകളിലൂടെയും ഭീഷണിയും സമ്മര്‍ദ്ദവും കടുത്തതോടെ വിപിന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് വിപിന്‍ പരാതിയില്‍ പറഞ്ഞത്.

ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് എതിരെ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയും പോലീസിന് നല്‍കിയ മൊഴിയും വിചാരണ കോടതിയില്‍ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കാസര്‍ഗോട്ടെ ബന്ധുവിന്റെ കടയിലും വീട്ടിലുമെത്തി ചിലര്‍ ഭീഷണി മുഴക്കി. പിന്നീട് ഫോണില്‍ വിളിച്ചു ഭീഷണി തുടര്‍ന്നു. തന്റെ വിലാസത്തില്‍ ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് വിപിന്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിന്‍ ലാല്‍ ആയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് ദിലീപിന് എതിരെ അന്വേഷണം തുടങ്ങിയത്. തുടക്കത്തില്‍ പൊലീസ് വിപിന്‍ ലാലിനെ പത്താം പ്രതിയാക്കിയിരുന്നു എങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു.