കൂടുതല്‍ അവസരങ്ങളേക്കാള്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം; ആശ ശരത്തിന്‍റെ മകള്‍ ഉത്തര പറയുന്നു

single-img
21 November 2020

പ്രശസ്ത ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് ഇപ്പോൾ താൻ ആദ്യ സിനിമയില്‍ അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ്. ക്യാമറയ്ക്കു മുന്നിലെ ആദ്യ കഥാപാത്രം അമ്മയ്ക്കൊപ്പം, അതും മകളായിട്ടാണ് എന്നത് ഈ അവസരത്തെ സ്പെഷ്യല്‍ ആക്കുന്നു എന്ന് ഉത്തര പറയുന്നു.

അമ്മയുടെ സിനിമകള്‍ കാണുമ്പോള്‍ അഭിനയിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ആഗ്രഹം അറിയിച്ചപ്പോഴൊക്കെ പഠനം കഴിഞ്ഞിട്ടുമതി അഭിനയം എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും ഉത്തര പറയുന്നു. മനോജ് കാനയുടെ ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തരയുടെ സിനിമാ അരങ്ങേറ്റം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആലപ്പുഴയിലെ എഴുപുന്നയില്‍ തുടങ്ങി. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ‘കെഞ്ചിര’യ്ക്കു ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ‘ഖെദ്ദ’.

വളരെ യാദൃശ്ചികമായിട്ടാണ് ‘ഖെദ്ദ’യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. “ലോക് ഡൗണിനു മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്കുള്ള വഴി എനിക്കുമുന്നില്‍ തുറന്നുകിട്ടിയത്. മുഴുവന്‍ സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു. ഞാന്‍ ദുബായിലായിരുന്നു എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി.

ഈ സിനിമയിൽ അമ്മയും ഞാനും അമ്മയും മകളുമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. സംവിധായകന്‍ മനോജേട്ടന്‍ എന്നോട് ചോദിച്ചു ‘അമ്മയോടൊപ്പം അഭിനയിച്ചുകൂടെ’ എന്ന്. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത്. വളരെ നല്ല ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് ആദ്യമാണ്.

ആഗ്രഹിച്ച സമയത്തൊന്നും അവസരം കിട്ടിയില്ല. ഇപ്പോഴാണ് ഭാഗ്യമുണ്ടായത്. അച്ഛനും അമ്മയും പറഞ്ഞതുപോലെ പഠനം പൂര്‍ത്തിയായ ശേഷം എന്‍റെ പഴയ ആഗ്രഹം നിറവേറി. ഞാന്‍ ദുബൈയില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു . നാട്ടിലെത്തിപ്പോള്‍ അഭിനയത്തോടൊപ്പം മലയാളം എഴുതാനും വായിക്കാനും പഠിച്ചു.

അമ്മയുടെ ഗുരുനാഥ കൂടിയായ മുത്തശ്ശിയാണ് (കലാമണ്ഡലം സുമതി) മലയാളം പഠിപ്പിച്ചത്. അഭിനയത്തേക്കാളും പ്രധാനം പഠനം തന്നെയാണ് എന്നാണെന്‍റെ അഭിപ്രായം. പഠനം പൂര്‍ത്തിയായ ശേഷം മാത്രമേ കലാപ്രവര്‍ത്തനത്തില്‍ സജീവമാകാവൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങളേക്കാളും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം. പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല കഥാപാത്രങ്ങള്‍”- ഉത്തര ശരത്ത് പറഞ്ഞു.