കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകും: ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ്

single-img
21 November 2020

പാകിസ്താന്‍ നഗരമായ കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്. താന്‍ അഖണ്ഡഭാരതത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ കറാച്ചി എന്ന കടയുടെ പേര് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഒരു വ്യാപാരിയോട് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു.ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഫട്നാവിസ് ഒരുനാള്‍ കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് പിടിഐയോട് പ്രതികരിച്ചത്.

വ്യാഴാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ പ്രമുഖ മധുരപലഹാരക്കടയായ കറാച്ചിയുടെ പേര് മാറ്റണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്. ഇന്ത്യ അല്ലെങ്കില്‍ മറാത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പേര് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ല ഇതെന്നായിരുന്നു ശിവസേന നേതാവായ സഞ്ജയ് റൗട്ടിന്‍റെ പ്രതികരണം.

കറാച്ചി സ്വീറ്റ്സും കറാച്ചി ബേക്കറിയും കഴിഞ്ഞ 60 വര്‍ഷമായി മുംബൈയില്‍ പ്രവര്‍ത്തിക്കുന്നു. പാകിസ്ഥാനുമായി അവര്‍ക്ക് ഒന്നും ചെയ്യാനില്ല. അവരുടെ കടയുടെ പേര് മാറ്റാന്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല.