കൊവിഡ് വാക്സിൻ വിതരണത്തിന് ‘കൊവിന്‍’ മൊബൈല്‍ ആപ്പുമായി കേന്ദ്ര സർക്കാർ

single-img
21 November 2020

രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന കൊവിഡ് 19 വാക്‌സിന്റെ ഗവേഷണം അന്തിമ ഘട്ടത്തിലെത്തുന്ന സാഹചര്യത്തില്‍ വാക്‌സിന്റെ ഫലപ്രദമായ വിതരണം ഉറപ്പാക്കാന്‍ കൊവിന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഉടന്‍ തന്നെ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.പ്രധാനമായും വാക്‌സിന്റെ സ്റ്റോക്കും ലഭ്യതയും ഡിജിറ്റല്‍ രൂപത്തില്‍ ട്രാക്ക് ചെയ്യാനായിരിക്കും കൊവിന്‍ ആപ്പ് ഉപയോഗിക്കുക.

ഇതിന് പുറമേ വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും. നേരത്തേ തന്നെ വാക്‌സിനേഷന്‍ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഇ-വിന്‍ സംവിധാനത്തിന്റെ പുതുക്കിയ രൂപമായിരിക്കും കൊവിന്‍ മൊബൈല്‍ ആപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.

കൊവിന്‍ ആപ്പിന് വേണ്ടി ഇ-വിന്‍ പ്ലാറ്റ്‌ഫോം രൂപമാറ്റപ്പെടുത്തിയെടുക്കുകയായിരുന്നുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
വാക്‌സിന്റെ സ്റ്റോക്ക് മുഴുവനായും ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്യേണ്ടതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെയും ഇതുവഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.