രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ; ആദ്യ 12 സ്ഥാനവും കേരളത്തിന്

single-img
21 November 2020

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്. കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതോടെയാണ് ഈ നേട്ടം കേരളത്തിന് സ്വന്തമായത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.