പത്ത് കോടി രൂപയുടെ പിഴയടച്ച് വി കെ ശശികല; ഉടൻ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷ

single-img
19 November 2020

പത്ത് കോടി രൂപയുടെ പിഴയടച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി വി.കെ ശശികല. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല പിഴയടച്ചത്. സാമ്പത്തിക തിരിമറിക്കേസിൽ തടവിൽ കഴിയുന്ന ശശികലയക്ക് ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ എൻ രാജ സെന്തൂർ പാണ്ഡ്യനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാർട്ടിയിലോ സർക്കാറിലോ സ്ഥാനമുണ്ടായിരിക്കുന്നതല്ല എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ശശികല പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി ബെംഗളൂരുവിലെ പരപ്പന അഗഹാര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് ശശികല. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ 2017ലാണ് ശശികല അറസ്റ്റ് ചെയ്യപ്പെട്ടത്. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവില്‍ പോയത്.

ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തിയാണ് 10 കോടിയുടെ രണ്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ പ്രത്യേക കോടതിയില്‍ അടച്ചത്. സുപ്രീം കോടതിയാണ് ശശികലക്ക് നാലു വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും വിധിച്ചിരുന്നത്. തടവ് ശിക്ഷയുടെ കാലാവധി ജനുവരി 27 ന് തീരും. പയസ് ഗാര്‍ഡനിലെത് ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.