വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: പ്രതികൾക്ക്‌ രാഷ്‌ട്രീയ വൈരാഗ്യം മാത്രം; ഉന്നത ഗൂഡാലോചനയില്ല; രണ്ടായിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചു

single-img
19 November 2020

സംസ്ഥാനരാഷ്ട്രീയത്തില്‍ വരെ ആരോപണ പ്രത്യാരോപണവുമുണ്ടാക്കിയ വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വെഞ്ഞാറമ്മൂട് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയില്‍വച്ച് ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവര്‍ കൊല്ലപ്പെട്ട വൻ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ കൊലപാതകം നടന്ന് 77-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2000 പേജുള്ളതാണ് കുറ്റപത്രം. 9 പ്രതികളും 189 സാക്ഷികളുമുണ്ട്.

രാഷ്‌ട്രീയ വൈരാഗ്യമാണെന്ന്‌ കൊലപാതക കാരണമെന്ന്‌ കുറ്റപത്രത്തിൽ വ്യക്തമാക്കി. ഒമരുതുംമൂട് ചെറുകോണത്ത് വീട്ടില്‍ സജീവ്(35), മദപുരം വാഴവിള പൊയ്കവീട്ടില്‍ സനല്‍(32), മദപുരം തടത്തരികത്ത് വീട്ടില്‍ പ്രീജ(30), പുല്ലമ്പാറ ചരുവിള പുത്തന്‍വീട്ടില്‍ അജിത്ത്(27), മരുതുംമൂട് ഷജിത്ത് മന്‍സിലില്‍ ഷജിത്ത്(27), മരുതുംമൂട് റോഡരികത്ത് വീട്ടില്‍ സതിമോന്‍(40), മരുതുംമൂട് വീട്ടില്‍ നജീബ്(41), മദപുരം വ്യാഴവിള വീട്ടില്‍ ഉണ്ണി(42), പുല്ലമ്പാറ വീട്ടില്‍ അന്‍സാര്‍(32) എന്നിവരാണ് റിമാന്‍ഡിലുള്ളത്.

ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്‌, മിഥിലാജ്‌ എന്നിവരോട്‌ പ്രതികൾക്ക്‌ രാഷ്‌ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പു പ്രചാരണ കൊട്ടിക്കലാശത്തിന്റെ ഭാഗമായും വൈരാഗ്യമുണ്ട്‌. ഇതേ തുടർന്ന്‌ രണ്ടു തവണ ഡിവൈഎഫ്‌ഐ നേതാക്കളെ വധിക്കാനും ശ്രമിച്ചിരുന്നു. തുടർന്ന്‌ ഗൂഢാലോചന നടത്തി ഇരുവരെയും ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കേസിൽ ഉന്നത ഗൂഢാലോചനയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം.-ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വങ്ങള്‍ ആരോപിച്ചിരുന്നത്. എം.പി.യുള്‍പ്പെടെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സി.പി.എം. ആരോപണമുന്നയിച്ചിരുന്നു.

സംസ്ഥാന ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പേരില്‍ കോണ്‍ഗ്രസും തിരികെ ആരോപണമുന്നയിച്ചു. സത്യം പുറത്തുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണ്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതിനായി പ്രതികള്‍ തമ്മില്‍ മാത്രം പല തവണ ഗൂഢാലോചനയും ആസൂത്രണവും നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മേയ് മാസത്തില്‍ ഡി.വൈഎഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫൈസലിനെ വെട്ടിയതും മുന്‍പ് നടന്ന രാഷ്ട്രീയസംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്.

സി.പി.എം. വളരെ ഗൗരവത്തോടെയാണ് പ്രശ്‌നം സംസ്ഥാനതലത്തില്‍ ചര്‍ച്ചയാക്കിയത്. കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുകയും 50 ലക്ഷം രൂപ വീതം സഹായം നല്‍കുകയും ചെയ്തു. റൂറല്‍ എസ്.പി. അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.