സി ബി ഐ ക്ക് സംസ്ഥാനങ്ങളുടെ അനുമതി നിർബന്ധമെന്ന് സുപ്രിംകോടതി

single-img
19 November 2020

സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് അതാത് സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രിംകോടതി. ഒരുസംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളിൽ അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനാണ് അനുമതി വേണ്ടത്. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ അന്വേഷണം നടത്തുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയും സി.ബി.ഐ അന്വേഷണമാകാം എന്ന കേന്ദ്രസർക്കാർ വാദത്തിന് തിരിച്ചടിയാണ് സുപ്രിംകോടതി നിലപാട്.

സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. അതേസമയം സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

ജസ്റ്റിസുമാരായ എ. എം ഖാൻവിൽക്കർ, ബി. ആർ ഗവായി എന്നിവരുടേതാണ് സുപ്രധാന വിധി. അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ചിലർ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നിർണായക നിരീക്ഷണം. പ്രതിപട്ടികയിലുള്ള ഹർജിക്കാരിൽ ചിലർ സംസ്ഥാന ജീവനക്കാരാണെന്നും സംസ്ഥാന സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ലെന്നും വാദിച്ചു.

ഫെഡറൽ തത്വങ്ങൾ പാലിക്കുന്നതിനാകണം കേന്ദ്രസർക്കാർ മുൻഗണന നൽകേണ്ടത്. അതുകൊണ്ടുതന്നെ സെക്ഷൻ ആറ് ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിർദേശിക്കുന്ന സംസ്ഥാനങ്ങളുടെ അനുമതി സുപ്രധാനമാണ്. സംസ്ഥാനങ്ങൾ നൽകുന്ന അനുവാദമാണ് സി.ബി.ഐയ്ക്ക് അധികാര പരിധി നൽകുന്നത്. ഇക്കാര്യത്തിൽ ഒരു സംശയത്തിനും അവസരമില്ലെന്നും വ്യക്തമാക്കി ഹർജിക്കരുടെ അപ്പീൽ കോടതി നിരസിച്ചു.

ഉത്തർപ്രദേശ് സി.ബി.ഐ അന്വേഷണത്തിന് ജനറൽ കൺസെന്റ് നൽകിയ സംസ്ഥാനമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ്. കേരളം അടക്കം ഉള്ള സംസ്ഥാനങ്ങൾ സി.ബി.ഐയ്ക്ക് നൽകിയ ജനറൽ കൺസെന്റ് പിൻവലിച്ച സഹചര്യത്തിൽ സുപ്രധാനമാണ് സുപ്രിംകോടതി നിരീക്ഷണങ്ങൾ.