കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ കിഫ്ബി വേണ്ടെന്ന് വയ്ക്കില്ല: മാത്യു കുഴൽനാടൻ

single-img
19 November 2020

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നാൽ കിഫ്ബി ഇല്ലാതാക്കില്ലെന്ന്‍ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. പക്ഷെ കിഫ്ബി നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ തുടരാൻ അനുവദിക്കില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. നിലവിലുള്ള മാതൃക തുടർന്നാൽ കിഫ്ബി സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടും.

വരുന്ന 2023 ഓടെ സംസ്ഥാനത്തിന് സാമ്പത്തികമായി ശ്വാസം മുട്ടും. കിഫ്ബി മാത്രമാണ് കേരളത്തിന്റെ എല്ലാ പ്രതിസന്ധിക്കുമുള്ള പരിഹാരമെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിൽ ധനമന്ത്രി തോമസ് ഐസക് വിജയിച്ചു എന്നും കുഴൽനാടൻ പറഞ്ഞു. ‘ഒരു കാര്യം തീർച്ചയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ കിഫ്ബി തുടരാൻ അനുവദിക്കുകയില്ല. എന്നാൽ അതിനർത്ഥം കിഫ്ബി തന്നെ വേണ്ടെന്നു വെക്കുമെന്നല്ല.

നിലവിൽ കിഫ്ബി വരുത്തി വെച്ച ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ തുടർന്ന് വരുന്ന ഏതു സർക്കാരും ബാധ്യസ്ഥമായിരിക്കും.’ കുഴൽനാടൻ പറഞ്ഞു.വിഭവ സമാഹരണത്തിനേക്കാൾ വിഭവ സൃഷ്ടിയിൽ ഊന്നുന്നതായിരിക്കും കോൺഗ്രസിന്റെ സാമ്പത്തിക നയമെന്നും കുഴൽനാടൻ പറഞ്ഞു.