മൂന്നാംഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്സിന്‍ തയ്യാറെന്ന് ഫൈസര്‍

single-img
18 November 2020

ഇനി ലോകത്തിന് ആശ്വസിക്കാം. കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ഏതാനും ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

തങ്ങളുടെ വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്.ഇക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്ക് വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ പറഞ്ഞു. 65 വയസ്സിനു മുകളിലുള്ളവരിലും വാക്‌സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.

പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്. വാക്സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍ പറയുന്നു.

അതേസമയം അടിയന്തര ആവശ്യത്തിന് വാക്സിന്‍ ഉപയോഗിക്കുന്നതിന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ് എഫ്ഡിഎ) മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളില്‍ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങള്‍ക്കകം യു.എസ് എഫ്.ഡി.എക്ക് സമര്‍പ്പിക്കാനാണ് ഫൈസറിന്റെ നീക്കം.