കൊവിഡ് ഭയന്ന് മത്സ്യം വാങ്ങാതെ ജനങ്ങള്‍; സുരക്ഷിതമെന്ന് തെളിയിക്കാന്‍ പച്ച മീൻ ഭക്ഷിച്ച് മുൻ മന്ത്രി

single-img
18 November 2020

കൊവിഡ് വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ മത്സ്യ വില്പന മേഖലയെ പുഃനരുജ്ജീവിപ്പിക്കാൻ പച്ച മീൻ ഭക്ഷിച്ച് ശ്രീലങ്കൻ മുൻ മന്ത്രി. മത്സ്യത്തിലൂടെ കൊവിഡ് പടരുമെന്ന ഭീതിയിൽ ആളുകൾ മീൻ വാങ്ങാൻ കൂട്ടാക്കാത്തതിനാലാണ് മീൻ പച്ചയ്ക്ക് കഴിച്ച് സുരക്ഷിതമാണെന്ന് തെളിയിക്കാൻ മന്ത്രി ഈ സാഹസം ചെയ്തത്. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങളുടെ മത്സ്യങ്ങൾ സുരക്ഷിതമാണെന്ന് കാട്ടാനായി രാജ്യത്തെ മുൻ ഫിഷറീസ് മന്ത്രിയായ ദിലീപ് വേദാരാച്ചി മീന്‍ ഭക്ഷിച്ചത്.

‘ നിങ്ങള്‍ ഈ മത്സ്യം കഴിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആരും ഭയപ്പെടരുത്. വൈറസ് നിങ്ങളെ ബാധിക്കില്ല ‘ മീൻ കഴിക്കുന്നതിന് മുമ്പ് ദിലീപ് എല്ലാവരോടുമായി പറഞ്ഞു. മന്ത്രി മീൻ പച്ചയ്ക്ക് കഴിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ശ്രീലങ്കയിൽ ഉടനീളം കൊവിഡ് വ്യാപിച്ചതോടെ ഒട്ടുമിക്ക മാർക്കറ്റുകളും അടച്ചിടേണ്ടി വന്നു.

മത്സ്യ ബന്ധന തൊഴിലാളികളെല്ലാം ഇതോടെ പ്രതിസന്ധിയിലായിരുന്നു. മാർക്കറ്റുകൾ കൊവിഡ് ഹോട്ട്സ്പോട്ടുകളായതിന് പിന്നാലെ പലരും മത്സ്യം ഉൾപ്പെടെയുള്ള കടൽ വിഭവങ്ങൾ വാങ്ങാൻ മടിക്കുന്നുമുണ്ട്. ടൺ കണക്കിന് മത്സ്യമാണ് വിൽക്കാനാകാതെ പോയത്.