സാമൂഹ്യമാധ്യമങ്ങളില്‍ അക്കൌണ്ട് ഇല്ല; 36ആം വയസിലും നയന്‍താരയുടെ ചിത്രങ്ങള്‍ വൈറല്‍

single-img
18 November 2020

നിങ്ങള്‍ ശ്രദ്ധിച്ചോ, ഇന്ന് സാമൂഹ്യമാധ്യമത്തില്‍ നിറഞ്ഞിരിക്കുന്ന ചിത്രവും പേരും ഒരാളുടെ മാത്രമാണ്. 15 വര്‍ഷമായി താരപരിവേഷം മാറാതെ റാണിയായി തുടരുന്ന നയന്‍താരയുടേതാണത്. നയന്‍താരയുടെ പിറന്നാളാണിന്ന്. കേരളത്തിലെ തിരുവല്ലാക്കാരിയായ ഡയാന മറിയം കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയിലൂടെ ഗൗരിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാറാകാനുള്ള വരവായിരിക്കും അതെന്ന്. ഒ

ഒരുപാട് നിരോധനങ്ങള്‍ക്കിടയിലും തമിഴില്‍ തലൈവിയായി തുടരുന്ന നയന്‍താരയെ റോള്‍ മോഡലായി കാണുന്നവരാണ് പുതുതലമുറയിലെ മിക്ക നടികളും. തന്റെ ഈ പിറന്നാളിന് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റെ പുതിയ മലയാളം ചിത്രത്തിന്റെ പോസ്റ്ററുമായാണ് എത്തുന്നത്. അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്യമായി നയന്‍താര കുഞ്ചാക്കോ ബോബനുമായി ഒത്തുചേരുകയാണെന്ന പ്രത്യേകതയുമുണ്ട്. ഒരു സാമൂഹ്യമാധ്യമങ്ങളിലും അക്കൗണ്ട് ഇല്ലാതിരുന്നിട്ട് കൂടി 36 വയസ്സു തികയുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഒരുപാട് താരങ്ങള്‍ ആശംസയുമായി എത്തിയിട്ടുണ്ടെങ്കിലും തമിഴിലെ മുന്‍നിര സംവിധായകനും നയന്‍താരയുടെ ബോയ്ഫ്രണ്ടുമായ വിഘ്‌നേഷ് ശിവന്റെ പിറന്നാളാശംസയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായിക നടി ആയിരുന്നിട്ടും ബോളിവുഡിലോ മറ്റ് നോര്‍ത്ത് ഇന്ത്യന്‍ പടങ്ങളിലോ അഭിനയിക്കാന്‍ തയ്യാറാകാത്തതും നയന്‍താരയുടെ പ്രത്യേകതയാണ്.