യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികളെ കൊലപ്പെടുത്തി കുളത്തിലിട്ടു

single-img
17 November 2020
UP Dalit girls murder minor fatehpur

ലക്നൌ: പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികളുടെ മൃതശരീരങ്ങൾ കുളത്തിൽ നിന്നും കണ്ടെത്തി. ഉത്തർപ്രദേശിലെ (Uttar Pradesh) ഫത്തേപൂർ(Fatehpur) ജില്ലയിലെ അസോഥർ(Asothar) എന്ന സ്ഥലത്താണ് സഹോദരിമാരായ പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദിലീപ് ധോഭി (Dilip Dhobhi) എന്നയാളുടെ മക്കളായ 12 വയസുള്ള സുമി(Sumi), എട്ടുവയസുകാരിയായ കിരൺ(Kiran) എന്നീ പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങളിൽ കണ്ണുകളുടെ ഭാഗത്ത് പരിക്കുണ്ട്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം പച്ചക്കറികൾ ശേഖരിക്കുന്നതിനായി പാടത്തേയ്ക്ക് പോയ പെൺകുട്ടികൾ പിന്നീട് തിരികെവന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ പൊന്തിക്കിടക്കുന്ന നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങളുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ സംജാതമായി. പൊലീസിനെ മൃതദേഹം കൊണ്ടുപോകുന്നതിൽ നിന്നും തടഞ്ഞ നാട്ടുകാർ ചില പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് സൂപ്രണ്ട് പ്രശാന്ത് വെർമ (Prashant Verma), എ എസ്പി രാജേഷ് കുമാർ (ASP Rajesh Kumar) എന്നിവർ സ്ഥലത്തെത്തിയ ശേഷമാണ് മൃതശരീരങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ സാധിച്ചതെന്ന് ഹിന്ദി ഓൺലൈൻ മാധ്യമമായ അമർ ഉജാല(Amar Ujala) റിപ്പോർട്ട് ചെയ്യുന്നു.

ബലാത്സംഗശ്രമം ചെറുത്ത കുട്ടികളെ കൊലപ്പെടുത്തിയതാണെന്നാണ് (Murder) ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷമേ അത്തരം നിഗമനങ്ങളിലെത്തിച്ചേരാൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് പൊലീസ്.

Content: Two Dalit Sisters Killed, Bodies Dumped In Pond In UP’s Fatehpur