കിഫ്‌ബി ഓഡിറ്റിംഗിൽ സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കമ്പനി

single-img
17 November 2020

കിഫ്ബിയിൽ സർക്കാരും സി.എ.ജിയും തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെ പുതിയ വിവാദം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വിട്ടയച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന്റെ കമ്പനിയാണ് കിഫ്ബി പിയർ ഓഡിറ്റിംഗ് നടത്തിയത്. പി.വേണുഗോപാല്‍ പങ്കാളിയായ സുരി ആൻഡ് കമ്പനി എന്ന സ്ഥാപനം നടത്തുന്നത് രണ്ടാം ഘട്ട ഓഡിറ്റാണ്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പി വേണുഗോപാലിന് പങ്കാളിത്തമുള്ളതാണ് ഈ കമ്പനിയെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ലോക്കര്‍ എടുക്കാന്‍ സഹായിച്ചത് വേണുഗോപാല്‍ ആണെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററായി സൂരി ആന്‍ഡ് കമ്പനിയെ ആണ് നിയമിച്ചത്. ഈ കമ്പനിയിൽ പങ്കാളിത്തമുള്ള ആളാണ് വേണുഗോപാല്‍. കിഫ്ബിയുടെ 38-ാം ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ളത്. കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗും പിയര്‍ റിവ്യൂ ഓഡിറ്റിംഗിനും രണ്ടു കമ്പനികളെയാണ് ഡയറക്ടർ ബോർഡ് യോഗം ചുമതലപ്പെടുത്തിയത്. ഇതിൽ പിയര്‍ റിവ്യൂ ഓഡിറ്ററായി നിയമിച്ചത് സൂരി ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനത്തെയാണ്. എം ശിവശങ്കർ ഐ.ടി. സെക്രട്ടറി ആയിരുന്നപ്പോള്‍ ടെക്‌നോപാര്‍ക്കിലെ ഓഡിറ്റിംഗും സൂരി ആന്‍ഡ് കമ്പനിയെ ഏൽപ്പിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാറുണ്ടെങ്കിലും പിയര്‍ റിവ്യൂ ഓഡിറ്റര്‍മാരെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

അതേസമയം കിഫ്ബി മസാലബോണ്ട് ഇറക്കുന്നതിനോട് അന്നത്ത ചീഫ് സെക്രട്ടറിയും, ധനകാര്യ സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും വ്യക്തമായി. കുറഞ്ഞ പലിശയ്ക്ക് രാജ്യത്തിനകത്ത് നിന്ന് വായ്പ കിട്ടുമെന്നിരിക്കെ എന്തിന് മസാലബോണ്ട് ഇറക്കണമെന്നായിരുന്നു ധനകാര്യ സെക്രട്ടറിയുടെ ചോദ്യം. എന്നാല്‍ ദീര്‍ഘകാലത്തേയ്ക്ക് പ്രയോജനം ചെയ്യുമെന്ന് പറഞ്ഞ ധനമന്ത്രി ബോണ്ട് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തായി.

Content : The company of the chartered accountant questioned in the gold smuggling case in Kifby Auditing